"സംഗീതം അറിയുംതോറും അകലം കൂടുന്ന മഹാസാഗരം"
സംഗീതം ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. നമ്മളെ മറ്റൊരു ലോകത്തെത്തിക്കാന്‍ സംഗീതത്തിനു കഴിയും. സന്തോഷം വന്നാലും സങ്കടം വന്നാലും നമ്മള്‍ സംഗീതം കേള്‍ക്കും. സംഗീതത്തെ ഞാന്‍ ജീവന് തുല്യം സ്നേഹിക്കുന്നു. ഇഷ്ട ഗായകന്‍ ആരാണെന്ന് ചോദിച്ചാല്‍ മറ്റൊരു പേരു ആലോചിക്കേണ്ടതില്ല. ദാസേട്ടന്‍ തന്നെ. അതെ, ദൈവം നമുക്കു സമ്മാനിച്ച ഗാന ഗന്ധര്‍വന്‍. ആ ശബ്ദം കേട്ടാല്‍ നമ്മള്‍ എല്ലാം മറക്കും. എല്ലാ ദുഃഖങ്ങളും , ദേഷ്യവും ആ മാന്ത്രിക ശബ്ദത്തിന് മുന്നില്‍ അലിഞ്ഞലിഞ്ഞു ഇല്ലാതാവും. ഞാന്‍ ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല. പക്ഷെ കേട്ട് പാടും. പഠിക്കാന്‍ അവസരം കിട്ടിയിട്ടും പോയില്ല. പൊതു സ്ഥലത്ത് പാടാന്‍ പേടി. ശബ്ദം ഇടറിയാലോ, വെള്ളി വീണാലോ. പിന്നെ എല്ലാം പോയില്ലേ. മല്‍സരങ്ങളില്‍ പാടി സമ്മാനങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴും മൈക്കിനു മുന്നിലെത്തിയാല്‍ വായ കിടന്നു വിറക്കാന്‍ തുടങ്ങും. വെറുതെ നാലാളുടെ മുന്നില്‍ പാടുമ്പോഴും അങ്ങനെ തന്നെ. ആത്മവിശ്വാസമില്ലായ്മ അല്ല, എങ്കിലും. എങ്ങാനും തെറ്റിയാലോ. ശബ്ദം പോയാലോ... എങ്കിലും ഞാന്‍ ആത്മവിശ്വാസത്തോടെ ചങ്കൂറ്റത്തോടെ ആത്മാര്‍ഥമായി പാടുന്ന ഒരു സ്ഥലമുണ്ട്...... എന്റെ ബാത്ത് റൂം.


© All Rights Reserved by SR TecH DeZ 2013